Monday, September 24, 2012



കറുത്ത പകലും കറുത്ത സൂര്യനും
കാഴ്ചകളെ കറുപ്പാക്കിയ ഇരുളടഞ്ഞ മുഖങ്ങള്‍..
കണ്ണ് നീരില്‍ കണ്‍പീലി മിനുക്കി
വേദനയുടെ ചായം കവിളില്‍ പൂശി
നിറകാഴ്ചകള്‍ കണ്ടു ഉണരാന്‍ ഒരു പുലരിയെ
സ്വപ്നം കണ്ട സുറുമ എഴുതിയ കണ്ണുകള്‍
മേചകമാര്‍ന്നൊരു വസ്ത്രത്തിനുള്ളില്‍
മോചനം കൊതിക്കുന്ന സ്ത്രീ മുഖങ്ങള്‍....
പരിണാമത്തിന്റെ ദൂതന് തെറ്റ് പറ്റിയോ...????
അനുസരിക്കേണ്ട സാധനകളെ അടിച്ചേല്‍പ്പിക്കുന്ന
പുരുഷമേധാവിത്വം, ആകാരം ഇല്ലാത്ത
നിഴലും പേറി അവളെ നടത്തിച്ചു...

ജഗ്ഗൂസ്.....

Friday, September 21, 2012




നാളെകളുടെ പുകച്ചുരുളുകള്‍ നീങ്ങുമ്പോള്‍....
ആത്മാവിനെ ചുടല ഭസ്മം പൂശി...
മനസ്സില്‍ ജട നീട്ടി വളര്‍ത്തി...
ലഹരിയുടെ ബോധ മണ്ഡലത്തില്‍
എന്നെ തിരയുന്ന ഒരു ആഘോരി ഉണ്ടാകും....

Saturday, September 15, 2012



നീറി പുകയുന്ന രാത്രി ചിന്തകള്‍ ...
രാവിലെ ആളി പടരുന്ന ഹോമാഗ്നി ആയി...
പിന്നതില്‍ നിര്‍വ്വാണം പൂണ്ടു ഒരാത്മഹൂതി....

Wednesday, September 12, 2012


വായില്‍ കയ്യിട്ടു ശര്‍ദ്ദിക്കുന്നോരീ ദേശസ്നേഹം.....
വരയ്ക്കുന്നവന്‍റെ കയ്യില്‍ കൂച്ചു വിലങ്ങു
ജനകീയ സമരത്തിന് ലാത്തിയുടെ മറുപടി
പട്ടിണി പ്രതിഷേധതിനു വാഗ്ദാനങ്ങള്‍...
പൂഴി കണ്ണില്‍ എറിഞ്ഞു വീശുന്ന കൂടംകുളം കാറ്റ്‌....
ഓന്ത് കുപ്പായം ഇട്ടവന് മന്ത്രി ആകാം എങ്കില്‍
ഊമയായവന് മന്ത്രി ശ്രേഷ്ട്ടനാവാം.....
ഊന്നുവടിയില്‍ കൂനി പിടയുന്ന
ഗാന്ധി തൊപ്പികള്‍ക്കൊപ്പം
കാട്ടിനുള്ളില്‍ കരയുന്ന കാലും തലയും
ഇല്ലാത്ത പ്രതിമകള്‍....
മൂന്നു വിരലില്‍ ലോകം പിടിച്ചു അടക്കിയ
മഷി തുണ്ട് പറയുന്ന ഭാരത കാഴ്ചകള്‍ ഇങ്ങനെ......




Tuesday, September 11, 2012



ഡിസംബര്‍, നിന്നെ ഞാന്‍ പ്രണയിക്കുന്നു...
കട്ടെടുത്ത സ്വപ്നങ്ങളെ നീ മഞ്ഞു പുതപ്പിനുള്ളില്‍
ഒളിച്ചു വെച്ചില്ലേ..?
പുതു വര്‍ഷത്തിലേക്ക് നീയും ഞാനും ഒന്നായി അലിഞ്ഞു തീരും...
നിന്റെ വക്ഷസ്സില്‍ കൈ ചുറ്റി
ഉണരാതെ ഉറങ്ങുവാന്‍ ഞാന്‍ വരുന്നു...
ഡിസംബര്‍, നിന്നെ ഞാന്‍ പ്രണയിക്കുന്നു...

Sunday, September 9, 2012





കാലുകള്‍.. ഇടറി വഴിപിഴച്ചു.....
കാലമേ നീ മറക്കുക!!!!
ധീരനാകാന്‍ വേണ്ടി ജനിച്ച
ഭീരുവാം എന്നെ......
കഴുകു മരത്തില്‍ കയറി
മറുജന്മം കൊതിച്ചോരീ മനസ്സ്
ചാവുമണിയുടെ മാറ്റൊലിക്ക് കാതോര്‍ത്തു.....
മരണമേ....നിന്‍റെ കൈകള്‍ അയയ്ക്കുക
ആ യവനികക്കുള്ളില്‍ മറയട്ടെ
ഈ നാടകം...................



ജഗ്ഗൂസ്.............

Sunday, September 2, 2012




വിശ്രവപുത്രി ശൂര്‍പ്പനഖ ജനനി ശൂര്‍പ്പണഖ
കാനന ശ്രോണിയില്‍ കണ്ടൊരാ കാല്പാടുകളെ
പ്രണയിച്ച കാര്‍മേഘസുന്ദരി....
കദനം നിറഞ്ഞൊരാ കാനന പ്രണയത്തില്‍
രാമാഭ്രാതാവാല്‍ അപമാനിതയായി...
ഒരു കയ്യില്‍ മുറിഞ്ഞോരാ ശ്രോതവും
മറുകയ്യില്‍ നിണമാര്‍ന്ന മാര്‍കച്ചയും താങ്ങി
ഏതോ കന്ദരത്തില്‍ അഭയം തേടി..
മണല്‍ തരി പോലെ പറന്ന കാലങ്ങളെ
മറികടന്നു പ്രാഭവം പൂണ്ടു ഇന്നവള്‍ രാമനെ തിരയുന്നു..
കണ്ടതോ കത്തി എരിയുന്നോരീ രാമഭൂമിയും...
മരണം വിതക്കുന്ന മനുഷ്യരെയും....
കടകമൂരി അവള്‍ പ്രളയം വിതച്ചു
പദങ്ങളില്‍ ഭൂമി കുലുക്കി...
അപ്പോഴും മാറാതെ നിന്നു പാപത്തിന്‍റെ
അര്‍ത്ഥം ചുമക്കുന്ന കഴുതയെ പോലെ മനുഷ്യനും...
മരണം വിപഞ്ചിക മീട്ടുന്നോരീ ലോകത്തില്‍ മറ്റൊരു രാമാവതാരത്തിനായി തപം ചെയ്യുന്നു കൈകസി നന്ദന..
കലിയുടെ അശ്വമേധം മുടക്കുവാന്‍
ശൂര്‍പ്പണഖ പുത്രന്മാര്‍ ജനിക്കട്ടെ...
മര്‍ത്യരെ....കേട്ടുകൊള്‍ക..!!!
നിങ്ങളില്‍ രാവണന്‍മാര്‍ നിഗ്രഹിക്കപ്പെടും...
രാമന്മാര്‍ ഭൂമി വാഴും...


ജഗ്ഗൂസ്........