Saturday, August 25, 2012


മലയാള സാഹിത്യരംഗത്തെ ഒരു കവയത്രിയായിരുന്നു കെ.എസ്. നന്ദിത എന്ന നന്ദിത.
1969 മെയ് 21ന് വയനാട് ജില്ലയിലെ മടക്കിമലയിലാണ് നന്ദിത ജനിച്ചത്. അച്ഛൻ എം. ശ്രീധരമേനോൻ, അമ്മ പ്രഭാവതി എസ്. മേനോൻ, സഹോദരൻ പ്രശാന്ത് കെ. എസ്. ഇംഗ്ലീഷിൽ ബിഎ ,എംഎ ബിരുദങ്ങൾ നേടി. ഗവ: ഗണപത് മോഡൽ ഗേൾസ് ഹൈസ്കൂൾ ചാലപ്പുറം, ഗുരുവായൂരപ്പൻ കോളേജ്, ഫാറൂഖ് കോളേജ്, കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇംഗ്ലീഷ് ഡിപ്പാർട്ട്മെന്റ്, മദർ തെരേസ വിമൻസ് യൂണിവേഴ്സിറ്റി ചെന്നൈ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം പൂർത്തിയാക്കി. വയനാട് മുട്ടിൽ മുസ്ലിം ഓർഫണേജ് ആർട്സ് ആന്റ് സയൻസ് കോളേജിൽ ആംഗലേയ വിഭാഗത്തിൽ അദ്ധ്യാപികയായിരുന്നു. 1999 ജനുവരി 17ന് സ്വയം ജീവിതം അവസാനിപ്പിച്ചു. മരണത്തിനു ശേഷം അവളൂടെ ഡയറിയിൽ കണ്ടെത്തിയ 1985 മുതൽ 1993 വരെയെഴുതിയ കവിതകൾ സമാഹാരമായി പ്രസിദ്ധീകരിച്ചു. മരണത്തിനു ശേഷമാണ് അവളിലെ കവയത്രിയെ അടുത്ത ബന്ധുക്കൾ പോലും തിരിച്ചറിഞ്ഞത് . 'നന്ദിതയുടെ കവിതകൾ' എന്നൊരു കവിതാസമാഹാരം മാത്രമാണ്‌ പ്രസിദ്ധീകരിച്ചിട്ടുള്ളത്. നന്ദിതയുടെ മരണശേഷമാണ് നന്ദിത തന്റെ ഡയറിയിൽ കുറിച്ചുവച്ചിട്ടൂണ്ടായിരുന്ന കവിതകൾ കണ്ടെടുക്കുന്നതും പ്രസിദ്ധീകരിക്കപ്പെടുന്നതും [1]
നരച്ച കണ്ണുകളുള്ള പെൺകുട്ടി
സ്വപ്നം നട്ടു വിടർന്ന അരളിപ്പൂക്കൾ ഇറുത്തെടുത്ത്
അവൾ പൂപ്പാത്രമൊരുക്കി.
പൂക്കളടർന്നുണങ്ങിയ തണ്ടിന്‌
വിളർത്ത പൗർണ്ണമിയുടെ നിറം,
അവളുടെ കണ്ണുകൾക്കും.

വീണ്ടും ഹ്യദയത്തിന്റെ അറകളിൽ
ഉണക്കി സൂക്ഷിച്ച വിത്തുപാകി.
സ്വർണ്ണ മത്സ്യങ്ങളെ നട്ടുവളർത്തി-
യവൾ ചില്ലു കൂട്ടിലൊതുക്കി.
പിഞ്ഞിത്തുടങ്ങിയ ഈറനോർമ്മകളിൽ
അരളിപ്പൂക്കളലിഞ്ഞു.

മനസ്സു നുറുക്കി മത്സ്യങ്ങളെ ഊട്ടി
മഴയും, മഴതോർന്ന ആകാശത്ത്
മഴവില്ലും സ്വപ്നം കണ്ടവളുറങ്ങി.

വാതിൽപ്പാളികൾക്കിടയിലൂടെ വേനലെത്തിനോക്കുന്നു
വെളിച്ചത്തെ പുൽകാൻ വലിച്ചു തുറക്കുന്ന
നരച്ച കണ്ണുകളിൽ
വരണ്ടു തുടങ്ങുന്ന ചില്ലുകൂട്ടിലെ സ്വർണ്ണ മത്സ്യങ്ങൾ
പിടഞ്ഞു മരിക്കുന്നു.

വിതക്കാനിനി മണ്ണും,
വിത്തും ബാക്കിയില്ലന്നിരിക്കേ
ഒഴിഞ്ഞ ചില്ലുകൂടും
ഒഴുകിപ്പരന്ന വെയിലിലലിയുന്ന കണ്ണുകളും
അവൾക്ക് കൂട്ട്

-1992-
നന്ദിതയെ കുറിച്ച് കൂടുതല്‍ അറിയാന്‍.... http://nandithayutekavithakal.blogspot.com/

കടപ്പാട് ഈ ബ്ലോഗിനോട്...

No comments:

Post a Comment